ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാന്‍ ആകില്ലെന്ന് പൊലീസ്; കൊലപാതകം തന്നെയെന്ന് നിഗമനം ; അച്ഛനും അമ്മയുമടക്കം കസ്റ്റഡിയില്‍
ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വത്ര ദുരൂഹത. കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല എന്നതാണ് ഇന്‍ക്വസ്റ്റിലെ പ്രാഥമിക നിഗമനം. കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെ കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനമാകൂ. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എംഎല്‍എ വിന്‍സന്റും പറഞ്ഞു.