കുഞ്ഞിന് 6 മണിക്കൂറോളം സമയം ചികിത്സയൊന്നും നല്‍കിയിരുന്നില്ല,
ജനറല്‍ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ ഉള്ള സൗകര്യം ആ ആശുപത്രിയില്‍ വേണമായിരുന്നു.ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്.
പയ്യന്നൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിലാണ് അജിത്കുമാറിന്റെ ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണം. കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നല്‍കിയിരുന്നില്ല. അപ്പോള്‍ വലിയ ബ്ലീഡിങ്ങില്ലെന്ന് വ്യക്തമാണ്. ഇത്ര ചെറിയ പരിക്കിന് ജനറല്‍ അനസ്തീഷ്യ വേണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്. ജനറല്‍ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ ഉള്ള സൗകര്യം ആ ആശുപത്രിയില്‍ വേണമായിരുന്നു. ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. അങ്ങനെ സൗകര്യമില്ലാത്ത ആശുപത്രിയില്‍ ഇങ്ങനെ ഒരു അനസ്തീഷ്യ കൊടുക്കേണ്ട കാര്യമുണ്ടോയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആശുപത്രിയില്‍ ഈ സൗകര്യമില്ലെന്നു കണ്ടെത്തിയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ വിശദമാക്കി. ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതില്ല. അനസ്തീഷ്യ നല്‍കി ചികിത്സിക്കാന്‍ മറ്റു ചില താല്പര്യങ്ങള്‍ ഉണ്ടോയെന്നു സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോള്‍ ഡോക്ടര്‍മാര്‍ക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണം. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ വിശദമാക്കി.




