ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ 6E-6423 വിമാനത്തിലാണ് സുരക്ഷാ ഭീഷണിയുണ്ടായത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രാത്രി 7.35 ഓടെ വിമാനത്തിന്റെ ബാത്ത്‌റൂമില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ഭീഷണി നിറഞ്ഞ ഒരു കുറിപ്പ് ലഭിക്കുന്നത്. കൈപ്പടയില്‍ എഴുതിയ കത്തില്‍ കുറിച്ചിരുന്നത് ‘ദയവായി പോകരുത്, ബോംബ് ഉണ്ട്!’ എന്നായിരുന്നു.
കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ജീവനക്കാര്‍ വിവരം സുരക്ഷാ ഏജന്‍സികളെ അറിയിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഭീഷണിയെ തുടര്‍ന്ന് വിമാന സര്‍വീസ് വലിയ രീതിയില്‍ തടസ്സപ്പെടുകയും യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുകയും ചെയ്തതായി കാണിച്ച് ഇന്‍ഡിഗോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തണമെന്നും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇന്‍ഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.




