70
കര്‍ണാടകയില്‍ വടിവാളുമായി ബസ് ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി. ഹാസന്‍ സ്വദേശി മനുവാണ് അറസ്റ്റിലായത്.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു – മംഗളൂരു ദേശീയപാതയിലെ ദേവരായണപട്ടണം ബൈപ്പാസില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായതാണ് ഈ ആക്രമണം. നിറയെ ആളുകളുമായി പോവുകയായിരുന്ന ബസ് കാറിനെ അമിത വേഗതിയില്‍ മറികടന്നുവെന്ന് ആരോപിച്ചായിരുന്നു യുവാവ് വടിവാള്‍ ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തത്. ബസ് ഉടമയുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് ഹാസന്‍ സ്വദേശി മനുവിനെ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഹാസനിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയാണ് പൊലീസ് കാലിന് താഴെ വെടിവെച്ച് മനുവിനെ പിടികൂടിയത്. ഇയാള്‍ ഹാസനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.