മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; തിരുവനന്തപുരത്ത് സിനിമ സ്‌റ്റൈല്‍ തട്ടിക്കൊണ്ട് പോകല്‍, പ്രതികള്‍ ഒളിവില്‍

മകളെ വിവാഹം കഴിച്ച് നല്‍കാത്തതിലുള്ള വിരോധത്തില്‍ അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മര്‍ദ്ദിച്ചത്. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം.
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകലില്‍ പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മര്‍ദ്ദിച്ചത്.

ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം. അനില്‍ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ഭാര്യയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്. അനില്‍ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അനില്‍ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. പ്ലെയര്‍ ഉപയോഗിച്ച് മകന്‍ അച്ചുവിന്റെ വിരലുകള്‍ക്കും പരിക്കേല്‍പ്പിച്ചു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മകനെ വിളിപ്പിച്ചതെന്നും ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകന്‍ അച്ചു പറയുന്നു. സാരമായി പരിക്കേറ്റ അനില്‍കുമാറും മകനും വര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Scroll to Top