കാസര്‍കോട്/അല്‍ ജുബൈല്‍: ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രസിദ്ധീകരിച്ച നീറ്റ് യു.ജി. (NEET UG 2026) പരീക്ഷാഫലത്തില്‍ മലയാളി വിദ്യാര്‍ത്ഥി മുഹമ്മദ് അയാന്‍ യൂസഫ് കോല്‍നാട് അഭിമാനകരമായ നേട്ടം കൈവരിച്ചു. 99.9253 പെര്‍സന്റൈല്‍ സ്‌കോര്‍ നേടിയ അയാന്‍, വിദേശ വിഭാഗത്തില്‍ സ്റ്റേറ്റ് വൈസ് ടോപ്പര്‍ (Foreign Category State-wise Topper) എന്ന നേട്ടം സ്വന്തമാക്കി.
സൗദി അറേബ്യയിലെ അല്‍ ജുബൈലിലുള്ള ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ ജുബൈല്‍ (IISJ)-ലെ വിദ്യാര്‍ത്ഥിയായ അയാന്‍, ഈ വര്‍ഷം നടന്ന സി.ബി.എസ്.ഇ. പ്ലസ് ടു സയന്‍സ് പരീക്ഷയില്‍ 500-ല്‍ 485 മാര്‍ക്ക് (97%) നേടി സ്‌കൂള്‍ ടോപ്പറായും ശ്രദ്ധേയനായിരുന്നു. അതിന് മുമ്പ് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിലും 98 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
പഠനരംഗത്ത് തുടര്‍ച്ചയായി മികവ് തെളിയിച്ചുവരുന്ന അയാന്‍, 2025-ല്‍ അലന്‍ ഓവര്‍സീസ് സംഘടിപ്പിച്ച ടാലന്റക്‌സ് പരീക്ഷയില്‍ സൗദി അറേബ്യയില്‍ 11-ാം ക്ലാസ് NEET വിഭാഗത്തില്‍ ഒന്നാം റാങ്കും, 2019-ല്‍ ഇന്ത്യന്‍ നാഷണല്‍ സ്‌പെല്‍ ബീ മത്സരത്തില്‍ ദേശീയതലത്തില്‍ ആറാം റാങ്കും നേടിയിട്ടുണ്ട്.
സൗദി അറേബ്യയിലെ അല്‍ ജുബൈലില്‍ താമസിക്കുന്ന അബ്ദുല്‍ സമദ് കോല്‍നാടിന്റെയും, കാസര്‍കോട് ചൂരിയിലെ അബ്ദുല്ല കുഞ്ഞി-റെസിയ ദമ്പതികളുടെ മകളും കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫിന്റെ മരുമകളുമായ നുസൈബയുടെയും മകനാണ് മുഹമ്മദ് അയാന്‍.
ഈ വിജയത്തിന് പിന്നില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും നിരന്തരമായ പിന്തുണയും സ്വന്തം കഠിനാധ്വാനവുമാണെന്ന് അയാന്‍ പ്രതികരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ നേട്ടം മലയാളി പ്രവാസി സമൂഹത്തിനും കാസര്‍കോടിനും അഭിമാനകരമാണെന്ന് വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ ഭാരവാഹികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ഉന്നത മെഡിക്കല്‍ പഠനത്തിലേക്ക് പ്രവേശിക്കുന്ന മുഹമ്മദ് അയാന് വിവിധ പ്രവാസി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി വിജയാശംസകളും നേര്‍ന്നു.




