നിതിന്‍ രാജിന്റെ മരണം; ഒടുവില്‍ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റില്‍, കുടകില്‍ നിന്ന് വലയില്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാല്‍ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. നിതിന്‍ രാജ് ക്ലാസ്മുറിക്കുള്ളില്‍ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികള്‍ക്ക് മുന്നില്‍വെച്ച് ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സില്‍ വരുന്നതെന്നും കോടതി പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അധ്യാപകര്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പറഞ്ഞതില്‍ നിന്ന് പാഠം പഠിച്ചു എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയായ ഡോ റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.

Scroll to Top