കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ കാസര്‍കോട് ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. തിരുവോണം ബമ്പര്‍ ലോട്ടറികളുടെ വിതരണോദ്ഘാടനം ലോട്ടറി ഏജന്റ് എം. ഗണേശന് നല്‍കി എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷം ലോട്ടറി ഏജന്റുമാരാണുള്ളതെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയ വര്‍ക്കുള്ള ജീവനോപാധി കൂടിയാണിതെന്നും എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് വില്‍പന നടത്തിയത്. സര്‍ക്കാറിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന സാമ്പത്തിക ഇനം കൂടിയാണ് ലോട്ടറിയെന്നും എം.എല്‍.എ പറഞ്ഞു.
കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി വി പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഹനീഫ വി.എ, വിവിധ സംഘടന പ്രതിനിധികളായ കെ.എം. ശ്രീധരന്‍, പ്രഭാകരന്‍.പി, ബാബു കെ.വി, എ.മധുസൂദനന്‍ നമ്പ്യാര്‍, പി.വി. ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ജയലക്ഷ്മി.എസ് സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ സുജിത്ത് കെ.സി നന്ദിയും പറഞ്ഞു.




