മദ്യപിച്ചെന്നാരോപിച്ച് പോലീസുകാരെ തടഞ്ഞ സംഭവം; CPM ഏരിയ സെക്രട്ടറിയുള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്x

പ്രാഥമിക പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി

ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരെ തടഞ്ഞുവെച്ച സംഭവത്തില്‍ സിപിഎം നേതാവുമുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. കരിമണ്ണൂര്‍ എസ്.ഐയെയും വാഹനമോടിച്ചിരുന്ന ഡ്രൈവറെയെയുമാണ് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ചത്. പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു.
എന്നാല്‍, പ്രാഥമിക പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍

Scroll to Top