കേരളത്തിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയില്‍: ആള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

ഉദുമ: കരിങ്കല്‍, മെറ്റല്‍, പൂഴി, എം-സാന്‍ഡ്, സിമന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും, നിയമതടസം മൂലം കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പൂഴി ചെക്ക് പോസ്റ്റില്‍ തടഞ്ഞു വെക്കുന്നതും, അനിയന്ത്രിതമായ വിലക്കയറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുന്നുവെന്നും ഇതുമൂലം കേരളത്തിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ് കടന്നു പോകുന്നതെന്നും ആള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ 18-ാം മത് കാസര്‍കോട് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപെട്ടു. നിര്‍മ്മാണ മേഖലയിലെ 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് നല്കിവരുന്ന പെന്‍ഷന്‍ തുക വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്. വാര്‍ദ്ധക്യകാലത്ത് അവശത അനുഭവിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട പെന്‍ഷന്‍ തുക എത്രയും വേഗം നല്കി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കളനാട് മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി വടകര മുഖ്യാത്ഥിതിയായി. ജില്ലാ വൈസ് പ്രസിഡന്റ് ഗണേശന്‍ നീലേശ്വരം അനുശോചന പ്രമേയവും ജില്ലാ ജനറല്‍ സെക്രട്ടറി മനേഷ് വി വി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജയന്‍ മോനാച്ച വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞിരാമന്‍ പാട്ടിക്കൊച്ചി, സംസ്ഥാന കമ്മിറ്റിയംഗം ഉമേശന്‍ ഉദുമ എന്നിവര്‍ സംസാരിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ തൃക്കരിപ്പൂര്‍ സംഘടന അവലോകനം നടത്തി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജേഷ് കുമാര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ അണിഞ്ഞ നന്ദിയും പറഞ്ഞു.

Scroll to Top