പരീക്ഷ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ കുഴഞ്ഞുവീണ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് സ്‌നേഹയുടെ ബന്ധുക്കള്‍ ആരോപിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം പരവൂര്‍ പൂതക്കുളം കൂനംകുളം സ്‌നേഹാലയത്തില്‍ ടി. ബിജുവിന്റെയും ഷീജയുടെയും ഏക മകള്‍ ബി.എസ്. സ്‌നേഹ (22) ആണ് മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിങ് പരീക്ഷ പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു സ്‌നേഹ.
യാത്രയ്ക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസി കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ സ്‌നേഹയെ പരിശോധിക്കുകയും അടിയന്തര ചികിത്സ നല്‍കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ ഉടന്‍ റെയില്‍വേ പോലീസ് സ്‌നേഹയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌നേഹയെ നില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് സ്‌നേഹയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Scroll to Top