Home Kerala പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു

by KCN CHANNEL
0 comment

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണന്‍ പത്താം ക്ലാസുവരെയാണ് പഠിച്ചത്.
പിന്നീട് അച്ഛനെ കള്ളുകച്ചവടത്തില്‍ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയപ്പോള്‍ കള്ള് കച്ചവടത്തില്‍ നിന്നുമാറി. അങ്ങനെയാണ് മരങ്ങളുടെ ലോകത്തേക്ക് പൂര്‍ണമായി ഇറങ്ങിയത്. പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലന്‍ പച്ചയണിയിച്ചത്.
മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികള്‍ക്കും പ്രാണികള്‍ക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയില്‍ പച്ചക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.

You may also like

Leave a Comment