, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവന്‍ നഷ്ടം; രോഗം കിണര്‍ വെള്ളത്തില്‍ നിന്നെന്ന് സംശയം
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. ജലാശയങ്ങളില്‍ കുളിക്കാത്തതിനാല്‍ രോഗം കിണര്‍ വെള്ളത്തില്‍ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് ഇന്ന് മരണത്തിന് കീഴടങ്ങി. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളില്‍ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാല്‍ കിണര്‍ വെള്ളത്തില്‍ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്റെ സാംപിള്‍ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷന്‍ അടക്കമുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ബിജു.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം




