കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ് നിര്‍ബന്ധം; നിര്‍ണായക നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍, 18നും 35നും ഇടയില്‍ 66,000 പേര്‍ക്ക് രോഗം

രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടകം മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആര്‍ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ബെംഗളൂരു: കര്‍ണാടകയിലെ എല്ലാ എന്‍ജിനീയറിംഗ്, ആര്‍ട്‌സ്, സയന്‍സ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനം. കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആര്‍ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ്

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവല്‍ക്കരണം നടത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുക. പദ്ധതിയുമായി സഹകരിക്കാന്‍ എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗബാധ ഏറുന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടകം മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു.

കര്‍ണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 54,000-ത്തോളം പേര്‍ തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള 7000 രോഗബാധിതര്‍ സംസ്ഥാനത്തുണ്ട്. 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്‌ഐവി കണ്ടെത്തിയത് 44,500 പേര്‍ക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നത്. നേരത്തെ കണ്ടെത്തിയാല്‍ വ്യാപനവും രോഗം ഗുരുതരമാകുന്നതും തടയാന്‍ ആകുമെന്ന് വിലയിരുത്തല്‍.

Scroll to Top