ദില്ലിയില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം തുടരുന്നു. സിപിഎം ഓഫീസിലെ പോലീസ് നടപടിയും ഐഷി ഘോഷിനെതിരായ നീക്കവും ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടായി. ഇതേത്തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു.
ദില്ലി: ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്‌സഭ നിര്‍ത്തിവെച്ചു. ബഹളത്തില്‍ 2 മണിവരെ രാജ്യസഭ നിര്‍ത്തിവച്ചു. അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് കയര്‍ത്തു. ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സ്പീക്കര്‍ ഓംബിര്‍ല പറഞ്ഞു. ചര്‍ച്ച തുടരേണ്ടതുണ്ടെന്നും ചര്‍ച്ചക്ക് താല്‍പര്യമില്ലെങ്കില്‍ സഭ പിരിയാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. പിന്നാലെ രണ്ട് മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചു. സിപിഎം ഓഫീസില്‍ പോലീസ് കയറിയത്‌ചോദ്യം ചെയ്ത് ബ്രിട്ടാസ് രംഗത്തെത്തി. ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയില്‍ അദ്ദേഹം ഉന്നയിച്ചു. സിപിഎം ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കം ഈ വിഷയം അവതരിപ്പിച്ചു.
ടിഎംസി, ജെഎംഎം അടക്കം പുറത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നും സന്‍സദ് ടിവിയില്‍ പ്രതിഷേധം കാണിക്കാതെ ഇരുന്നത്തുകൊണ്ട് സമരങ്ങളുടെ വേലിയേറ്റം ഇല്ലാതാവില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. പൊലീസ് നടപടിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്തുണ്ടായ നടപടി ഒരു തരത്തിലും അംഗികരിക്കാനാവില്ലെന്നും ജനാധിപത്യവും ജനങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്നും സിപിഎം ഓഫീസില്‍ കയറിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. ബ്രിട്ടാസിനെതിരെ മന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് തന്നെ ക്ലാസ് മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. പൊലീസിന്റേത് സാധാരണ നടപടിക്രമമെന്നും നദ്ദ ന്യായീകരിച്ചു. രാജ്യസഭയിലെ ക്യാമറയില്‍ തന്നെ കാണിക്കാത്തത് ചോദ്യം ചെയ്ത് ബ്രിട്ടാസ് രംഗത്തെത്തി.




