കുമ്പളയിലെ കര്‍ക്കിടക തെയ്യം: കേരളീയ തെയ്യ സംസ്‌കാരവും, കര്‍ണാടകത്തിലെ തുളുനാടന്‍ ഭൂതക്കോല പാരമ്പര്യവും ഒത്തുചേരുന്ന ഒരു സാംസ്‌കാരിക സമന്വയം.

കുമ്പള.കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള കുമ്പള സ്വരൂപത്തിലെ (മായ്പ്പാടി സ്വരൂപം) തെയ്യങ്ങള്‍ക്ക് സാംസ്‌കാരികമായി ഏറെ സവിശേഷതകളു ണ്ട്.കേരളീയ തെയ്യ സംസ്‌കാരവും, കര്‍ണാടകത്തിലെ തുളുനാടന്‍ ഭൂതക്കോല പാരമ്പര്യവും ഒത്തുചേരുന്ന ഒരു സാംസ്‌കാരിക സമന്വയമാണ് ഇവിടത്തെ തെയ്യങ്ങളുടെ പ്രധാന വിശേഷം.

കുമ്പള പ്രദേശത്ത് കര്‍ക്കിടക മാസത്തില്‍ വീടുകള്‍തോറും കയറിയിറങ്ങുന്ന പ്രധാന കര്‍ക്കിടക തെയ്യങ്ങള്‍ മൂന്നെണ്ണമാണ്.ഉത്തര മലബാറിലെ മറ്റു ഭാഗങ്ങളില്‍ ആടിയും,വേടനും മാത്രമുള്ളപ്പോള്‍ കുമ്പള ഉള്‍പ്പെടുന്ന തുളുനാടന്‍ അതിര്‍ത്തിയില്‍ മഹാഭാരതത്തിലെ കിരാത പര്‍വ്വം കഥയെ അടിസ്ഥാനമാക്കി വേടന്‍,ആടി,ഗളിഞ്ചന്‍ എന്നീ മൂന്ന് തെയ്യങ്ങള്‍ കെട്ടിയാടുന്നു.

വേടന്‍ തെയ്യം എന്നത് പാശുപതാസ്ത്രം നല്‍കുന്നതിനായി അര്‍ജുനനെ പരീക്ഷിക്കാന്‍ വേട രൂപത്തില്‍ വന്ന പരമശിവന്റെ സങ്കല്പമാണിത്.മലയന്‍ സമുദായത്തിലെ കൊച്ചുകുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്. കര്‍ക്കിടക മാസത്തിലെ ആദ്യ പകുതിയിലാണ് വേടന്‍ തെയ്യം വീടുകളില്‍ എത്തുന്നത്. കര്‍ക്കിടകം 31 വരെ ഇത് തുടരും. ദാരിദ്ര്യവും ദുരിതങ്ങളും അകറ്റി ഐശ്വര്യം നല്‍കാനാണ് വേടന്‍ വരുന്നതെന്നാണ് ഐതിഹ്യം.

ആടി തെയ്യം വേട രൂപം പൂണ്ട ശിവനോടൊപ്പം കാട്ടാളത്തിനായി വന്ന പാര്‍വതി ദേവിയുടെ സാങ്കല്‍പികമാണിത്.ഇതിനെ ‘കര്‍ക്കിടോത്തി” എന്നും വിളിക്കാറുണ്ട്. മണ്ണാര്‍ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്.

ഗളിഞ്ചന്‍ തെയ്യമാണ് കുമ്പളയുടെ ആത്മാവ്.ഇതിന് ഒരുപാട് ചരിത്രങ്ങളുണ്ട്. ശിവനോട് യുദ്ധം ചെയ്ത അര്‍ജുനന്റെ സങ്കല്പമാണ് ഗളിഞ്ചന്‍ തെയ്യം.കുമ്പള ഉള്‍പ്പെടുന്ന തുളുനാടന്‍ മേഖലയില്‍ മാത്രം കാണാറുള്ള സവിശേഷമായ തെയ്യമാണിത്.തുളു പാരമ്പര്യമുള്ള നാല്‍ക്കത്തായ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഇതിന്റെ ‘തോറ്റപ്പാട്ടുകള്‍” മലയാളത്തിന് പകരം തുളു ഭാഷയിലാണ് പാടുന്നത്. അതുകൊണ്ടുതന്നെ അതിന് തുളുനാട്ടില്‍ മനോഹാരിതയുമുണ്ട്.

കര്‍ക്കിടകമാസം പകുതിയാകുമ്പോള്‍ വീട്ടിലെത്തുന്ന ഈ തെയ്യം കോലങ്ങള്‍ വീട്ടിലെ ദോഷങ്ങള്‍ അകറ്റാന്‍ സഹായകമാവു ന്നുവെന്നാണ് വിശ്വാസം. പതിറ്റാണ്ടുകളായിട്ടുള്ള ഈ ആചാരം ഇന്നും കുമ്പളയുടെ വിവിധ ഭാഗങ്ങളില്‍ തെയ്യം കെട്ടിയാടുന്നുമു ണ്ട്.വീട്ടിലെത്തുന്ന തെയ്യം കൂട്ടങ്ങളെ വീട്ടുകാര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കും. ദോഷങ്ങള്‍ അകറ്റാനും,കൃഷി അഭിവൃദ്ധിക്കും മഞ്ഞളും,ചുണ്ണാമ്പും ചേര്‍ന്ന ചുവന്ന ‘ഗുരുതി” വെള്ളം ഉഴിഞ്ഞെ ടുക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിന് വേണ്ടി തെയ്യം കെട്ടിയാടിയതിന് ശേഷം മുകളില്‍ പറഞ്ഞ ‘ഗുരുതി” വെള്ളം വീടിന് ചുറ്റും ഒഴുക്കും.അതോടെ ഒരു വീട്ടിലെ പരിപാടിക്ക് സമാപനവുമാവും.

പണ്ടുകാലത്ത് കെട്ടിയാടുന്ന ഇത്തരം തെയ്യങ്ങള്‍ക്ക് വീട്ടുകാര്‍ ‘ദഡ്പ്പയില്‍”കൂടി വലിയ ദക്ഷിണ നല്‍കുമായിരുന്നു. അതില്‍ അരിയും ഉപ്പുതൊട്ട് കല്‍പ്പൂരം വരെയുള്ള മറ്റു അവശ്യസാധനങ്ങളുമുണ്ടാകുമായിരുന്നുവെന്ന് കുമ്പളയിലെ തെയ്യം കലാകാരന്‍ അജയ് ആരിക്കാടി പറയുന്നു. എന്നാല്‍ ഇന്ന് മിക്ക വീടുകളില്‍ നിന്നും പണമാണ് ദക്ഷിണയായി നല്‍കുന്നത്.

കര്‍ക്കിടകമല്ലാത്ത മാസങ്ങളില്‍ കുമ്പളയില്‍ വിവിധ ആഘോഷ പരിപാടികളിലും, മതപരമായ ചടങ്ങുകളിലും വിവിധങ്ങളായ തെയ്യങ്ങള്‍ കെട്ടിയാടുന്നുണ്ട്. കുണ്ടൂര്‍ ചാമുണ്ഡി, കുറത്തി തെയ്യം, മന്ത്രമൂര്‍ത്തി,ആലി ചാമുണ്ഡി,ധൂമാവലി,പഞ്ചുരുളി, കൃഷ്ണമൂര്‍ത്തി, ഭഗവതി തുടങ്ങിയവ അതില്‍ പെടും.കുമ്പള രാജവംശത്തിന്റെ പ്രധാന വര ദേവതയാണ് കുണ്ടൂര്‍ ചാമുണ്ഡി.കോപ്പാളര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. ‘മന്ത്രമൂര്‍ത്തി” കുമ്പള ഭാഗങ്ങളില്‍ കെട്ടിയാടുന്ന വളരെ ശക്തമായ മറ്റൊരു ആരാധനാമൂര്‍ത്തിയാണ്.കുമ്പള ആരിക്കാടിയില്‍ കെട്ടിയാടുന്ന വളരെ പ്രശസ്തമായ തെയ്യമാണ് ആലി ചാമുണ്ഡി.ആലി എന്ന മുസ്ലിം യുവാവിന്റെ ആത്മാവും,ചാമുണ്ഡി ദേവിയുടെ ചൈതന്യവും ചേര്‍ന്ന ഐതിഹ്യമാണ് ഇതിന് പിന്നിലുള്ളത്. ആരിക്കാടി ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതിഹ്യം. ഇവിടത്തെ ഭൂരിഭാഗം തെയ്യങ്ങളുടെയും ‘തോറ്റങ്ങള്‍” ചൊല്ലുന്നത് മലയാളത്തിന് പകരം തുളു ഭാഷയിലാണ് എന്ന പ്രത്യേകതയും ഉണ്ട്.കുമ്പളയിലെ ഓരോ പ്രദേശത്തും ഓരോ തെയ്യങ്ങളും, ഐതിഹ്യങ്ങളുമുണ്ട്. അതിനനുസരിച്ച് ഓരോ വര്‍ഷവും വ്യത്യസ്ത മാസങ്ങളിലായി ക്ഷേത്രങ്ങളിലും മറ്റും തെയ്യങ്ങള്‍ കെട്ടിയാടുന്നു.ഇത് കാണാന്‍ വലിയ ജനാവലിയാണ് തടിച്ചു കൂടുന്നതും.

ഫോട്ടോ:കുമ്പളയിലെ തെയ്യം കലാകാരന്‍ അജയ് ആരിക്കാടിയും, ഗളിഞ്ചന്‍ തെയ്യത്തിന് വേഷമിട്ടിരിക്കുന്ന ജേഷ്ഠന്റെ മകന്‍ ജെഷ്വിനും.

Scroll to Top