കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ശനിയാഴ്ച തെക്കന്‍ മധ്യ കേരളത്തിലെ 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ ഇന്ന് മുതല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട്
31/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസറഗോഡ്
01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലര്‍ട്ട്
01/08/2026: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന/റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.




