മടിക്കൈ: വാര്‍ദ്ധക്യവും ജീവിതപ്രയാസങ്ങളുടെ നടുവിലും സത്യസന്ധത കൈവിടാതെ മാതൃകയായിരിക്കുകയാണ് എരിക്കുളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന പി.പി. കാരിച്ചിയമ്മ. ആറുമാസം മുമ്പ്, കൂടെപ്പിറപ്പുകളെ കാണാന്‍ പോകുന്നതിനിടെ വഴിയില്‍ നിന്ന് ലഭിച്ച സ്വര്‍ണമോതിരം യഥാര്‍ഥ ഉടമയെ കണ്ടെത്തി തിരികെ നല്‍കി കാരിച്ചിയമ്മ നാടിന്റെ ആദരവും പ്രശംസയും ഏറ്റുവാങ്ങി.
സ്വന്തംജീവിതംദുരിതങ്ങളാല്‍ നിറഞ്ഞതാണെങ്കിലും മറ്റൊരാളുടെ സ്വത്ത് സ്വന്തമാക്കാന്‍ കാരിച്ചിയമ്മയുടെ മനസ്സ് അനുവദിച്ചില്ല. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ ഉടമയെ കണ്ടെത്തി യാതൊരു മടിയും കൂടാതെഅത്‌കൈമാറുകയായിരുന്നു.
നിര്‍ധന കുടുംബാംഗമായ രോഗിയായ കസ്തൂരിയുടെ സ്വര്‍ണമോതിരമാണ് നഷ്ടമായിരുന്നത്. ഏറെ തിരച്ചിലിനൊടുവില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബത്തിന് കാരിച്ചിയമ്മയുടെ സത്യസന്ധത വലിയ ആശ്വാസമായി.
ജീവിതത്തിന്റെ ഏറിയ പങ്കും ലക്ഷംവീട് കോളനിയിലാണ് കാരിച്ചിയമ്മ കഴിഞ്ഞത്. ഇതുവരെ ഭൂമിയുടെ പട്ടയം ലഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ടെങ്കിലും സ്വന്തമായിസ്ഥലമില്ലാത്തതിനാല്‍ ആ ആനുകൂല്യവും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ജീവിതപ്രതിസന്ധികള്‍ക്കിടയിലും സത്യസന്ധതയും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച കാരിച്ചിയമ്മയുടെ പ്രവര്‍ത്തി സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ്.




