സാമ്പത്തിക പ്രതിസന്ധി തിരിച്ചടി; സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വേ നിലയ്ക്കുന്നു, കരാറുകാരെ നാളെ മുതല്‍ വെട്ടിക്കുറയ്ക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡിജറ്റില്‍ സര്‍വേ നിലയ്ക്കുന്നു. കരാറുകാരെ നാളെ മുതല്‍ വെട്ടിക്കുറയ്ക്കാനും വകുപ്പിലെ ജീവനക്കാരെ വെച്ച് സര്‍വേ തുടരാനും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ സര്‍വേ നിര്‍ത്തില്ലെന്നും ഫണ്ട് പ്രശ്‌നം പരിഹരിക്കുമെന്നും റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

കേരളം അളന്ന് തീര്‍ക്കാന്‍ ഇനിയും സമയമെടുക്കും. പണമില്ലായ്മയാണ് 2022 ല്‍ തുടങ്ങിയ ഡിജിറ്റില്‍ സര്‍വേയ്ക്ക് തടസ്സമായത്. സര്‍വേ വേഗത്തിലാക്കാന്‍ നിയമിച്ച 3500 ഓളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് നാല് മാസമായി ശമ്പളമില്ല. ഇതോടെ അത്യാവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തി ബാക്കി കരാറുകാരെ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നാളെ മുതല്‍ ഇത് നടപ്പാക്കും. വാഹനങ്ങളും ക്യാമ്പ് ഓഫീസുകള്‍ക്കും ഇത് ബാധകമാക്കും. 100 ദിന കര്‍മപദ്ധതി തീരുന്ന ഒക്ടോബര്‍ 9 വരെ മാത്രമേ ബാക്കിയുള്ള കരാറുകാരെയും നിലനിര്‍ത്തു. ഡിജിറ്റല്‍ സര്‍വേയില്‍ ഇനി താല്‍ക്കാലിക്കാര്‍ വേണോയെന്നതില്‍ തീരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടുന്നതിനെ ആശ്രയിച്ചിരിക്കും. വകുപ്പിലെ സര്‍വേയര്‍മാരെ ഉപയോഗിച്ച് സര്‍വേ തുടരാനാണ് നിര്‍ദ്ദേശം.

സര്‍വേ നിര്‍ത്തില്ലെന്ന് സര്‍വേ വകുപ്പ് പറയുമ്പോഴും കരാറുകാര്‍ പോകുന്നതോടെ ഇത് നിലയ്ക്കുമെന്നാണ് വിമര്‍ശനം. എന്നാല്‍ 100 ദിന കര്‍മ പരിപാടിയില്‍ തീര്‍പ്പാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 45,000 റീസര്‍വേ പരാതികളില്‍ 60 ശതമാനം സര്‍വേ വകുപ്പ് ജീവനക്കാരാണ് പൂര്‍ത്തിയാക്കിയതെന്ന് സര്‍വേ ഡയറക്ടര്‍ പറയുന്നു. ഒരു മാസത്തിനിടെ 20 വില്ലേജുകളിലൂടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയെന്നും ഡോ. ജെ ഒ അരുണ്‍ പറഞ്ഞു. ഇതനുസരിച്ച് 248 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ കഴിഞ്ഞു. ഡിജിറ്റല്‍ സര്‍വേ നടത്തേണ്ട 1550 വില്ലേജുകളില്‍ 839 ഇടത്താണ് സര്‍വേ തുടങ്ങിയത്. 711 വില്ലേജുകളില്‍ ഇനിയും തുടങ്ങിയിട്ടില്ല. 858 കോടി ചെലവ് കണക്കാക്കിയ പദ്ധതിയില്‍ ഇതുവരെ സര്‍വേ പൂര്‍ത്തിയാക്കിയത് 10.42 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍. കണ്ണായ സ്ഥലത്ത് പുറമ്പോക്ക് അടക്കം കണ്ടെത്തി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫണ്ടില്‍ തട്ടി ഡിജിറ്റല്‍ സര്‍വേ നിലയ്ക്കുന്നത്.

Scroll to Top