വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ശ്രമിക്കും; ജില്ലാ കളക്ടര്‍
കാസര്‍കോട് പരപ്പ മേഖലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി പൊതു വിദ്യാഭ്യാസ ക്യാമ്പയിന്‍ ‘ഉയരെ’യുടെ അവലോകനവും ഇതുവരെ കൈവരിച്ച പുരോഗതിയുടെ പ്രഖ്യാപനവും ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ഉയരെ ക്യാമ്പയിന്റെ കണ്ടെത്തലുകളെ ഗൗരവമായി എടുക്കുകയും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ശ്രമിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പരപ്പ പട്ടികവര്‍ഗ വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘ഉയരെ’. അഞ്ചു മാസങ്ങളായി തുടരുന്ന ജനകീയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും പ്രഖ്യാപനവുമാണ് നടന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ എല്ലാ സ്‌കൂള്‍ പഠിതാക്കളുടെയും നൂറ് ശതമാനം എന്റോള്‍മെന്റ് നൂറ് ശതമാനം അറ്റന്‍ഡന്‍സ് പൂജ്യം ശതമാനം ഡ്രോപ്ഔട്ട് എന്നതാണ് ഈ ജനകീയ പരിപാടിയുടെ പ്രധാന ലക്ഷ്യം.
പഠനത്തിലും സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഈസ്റ്റ്എളേരി സര്‍ക്കാരി ഉന്നതിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥി സച്ചു സതീഷിനെ ഉയരെ അമ്പാസഡറായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഉയരെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രോഗ്രസ് കാര്‍ഡും ചടങ്ങില്‍ പ്രകാശിപ്പിച്ചു. പട്ടികവര്‍ഗ സമൂഹത്തില്‍ നിന്നും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ മുന്നേറ്റം നടത്തിയ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. പരപ്പ അസിസ്റ്റന്റ് ടൈബ്രല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഷിനു സുകുമാരന്‍ ഉയരെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി മാണി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് പി.വി അനു, ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. ലത, കോടേം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ജയചന്ദ്രന്‍ വി, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഒക്ലാവ് കൃഷ്ണന്‍, റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പിചിത്രലേഖ, കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി സെറീന, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ചാക്കോ, കാസര്‍കോട് പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ.മധുസൂദനന്‍, പട്ടികജാതി വകുപ്പ് അസി. ജില്ലാ ഓഫീസര്‍ പി.മിനി എന്നിവര്‍ സംസാരിച്ചു. ഏഴ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍, ഊരു മൂപ്പന്മാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പ്രമോട്ടര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍ സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍ കെ നന്ദിയും പറഞ്ഞു.




