മഴക്കെടുതിയില്‍ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളില്‍ വലഞ്ഞ് ജനം. ജനവാസമേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയില്‍ നിരവധി വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളില്‍, ഡിങ്കി ബോട്ടിലും ആളുകളെയും രോഗികളെയും മാറ്റുന്നുണ്ട്. പമ്പാ തീരത്ത് ജാഗ്രതാ നിദേശമുണ്ട്.

അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കുറ്റൂര്‍, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര,തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

ആലപ്പുഴ കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍ഡോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും. നൂറനാട് ക്യാമ്പില്‍ നിന്ന് രണ്ട് സംഘം കുട്ടനാട്ടിലേക്ക് തിരിച്ചു. വീടുകളില്‍ കുടുങ്ങിയവരെ സംരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിതമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി പുറപ്പെട്ടു. ആലപ്പുഴ – ചങ്ങനാശ്ശേരി, AC റോഡില്‍ വെള്ളം കയറി. ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

എറണാകുളം മൂവാറ്റുപുഴയില്‍ വീടുകളില്‍ വീണ്ടും വെള്ളംകയറി. കൊച്ചങ്ങാടി, ഇലാഹി നഗര്‍ കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. 9 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. കോഴിക്കോട് 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 പേരാണ് കഴിയുന്നത്. പലയിടങ്ങളിലേയും വെള്ളക്കെട്ടിന് ഇപ്പോള്‍ കുറവുണ്ട്. കോഴിക്കോട് വെള്ളിപറമ്പില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ വീടാണ് തകര്‍ന്നത്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 118.36 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2343 അടിയായി. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി.

Scroll to Top