മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് വിശദമായ പരിശോധനകള്‍ നടക്കും. മണ്ണ് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ പെയ്യാതിരുന്നാല്‍ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്.
റോഡിലെ മണ്ണ് ഉടന്‍ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ റിനിഷ റഫീഖ് ട്വന്റിഫോറിനോട് പറഞ്ഞു. വാഹനങ്ങള്‍ കടത്തി വിടുന്നതില്‍ ജില്ലാ കളക്ടറും എഡിഎമ്മും അടക്കമുള്ളവര്‍ അന്തിമതീരുമാനം കൈക്കൊള്ളമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയാണ് പാണക്കാട് റോഡിലേക്ക് സമീപത്തെ കുന്ന് ഇടിഞ്ഞു വീണത്. മണ്ണ് നീക്കാനുള്ള പ്രവര്‍ത്തി നടക്കുന്നതിനിടെ കുന്ന് വീണ്ടും ഇടിയുകയായിരുന്നു.
ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്താണ് മണ്ണിടിയുന്നത്. മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണ് ഇടിഞ്ഞത്. മണ്ണെടുക്കാനും പാറപൊട്ടിക്കാനും മുന്‍സിപ്പാലിറ്റിയും ജിയോളജി വകുപ്പും നല്‍കിയ കാലാവധി അവസാനിച്ചതായി മലപ്പുറം നഗരസഭ അദ്ധ്യക്ഷ റിനിഷ റഫീഖ് അറിയിച്ചിരുന്നു. അതിനിടെ മലപ്പുറം പാണക്കാടെ ഇങ്കല്‍ സിറ്റിയുടെ ആവശ്യത്തിനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് കുന്നിടിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ശാസ്ത്രീയ പഠനം നടത്തിയതിനു ശേഷം മാത്രം പ്രവൃത്തി തുടരണം എന്നാണ് ആവശ്യം.




