സംസ്ഥാനത്ത് മഴ ശക്തം: 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. ആറന്‍മുള, റാന്നി ഉള്‍പ്പെടെയുള്ള മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക.

തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ കാരണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. നദീ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കാസര്‍ഗോഡ് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും.

Scroll to Top