സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളില്‍ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി,ലോവര്‍ പെരിയാര്‍ ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകള്‍ തുറന്നിട്ടില്ല.

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇരു ഡാമുകളില്‍ നിന്നും നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചു. അതേസമയം പത്തനംതിട്ട-കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം. പത്തനംതിട്ട ജില്ലയില്‍ 130 ക്യാമ്പുകളിലായി 1,794 കുടുംബങ്ങള്‍ കുടുംബങ്ങളാണ് കഴിയുന്നത്. ഇതില്‍ 925 കുട്ടികളും 3 ഗര്‍ഭിണികളുമുണ്ട്.

ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. വെള്ളമിറങ്ങാത്തതിനാല്‍ ഇവിടങ്ങളില്‍ ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. ആലപ്പുഴ-ചങ്ങനാശേരി AC റോഡിലും, കോട്ടയം MC റോഡില്‍ നാഗമ്പടം ഭാഗത്തും വെള്ളം കയറി. ചെങ്ങന്നൂരില്‍ മിത്രമഠം പാലത്തിന് സമീപം യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോട്ടയം മണര്‍കാട് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.

Scroll to Top