റിമാന്‍ഡ് ചെയ്യേണ്ടതില്ല, ഉദയനിധിയെ വിട്ടയക്കും; കോടതിയെ നിലപാട് അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടില്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഉദയനിധിയെ റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും എജി കോടതിയില്‍ അറിയിച്ചു
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടില്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഉദയനിധിയെ റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും എജി കോടതിയില്‍ അറിയിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ വിട്ടയക്കാന്‍ അനുവദിച്ചു. ഇന്ന് തന്നെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, ഉദയനിധിയുടെ അറസ്റ്റില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്.

അതേ സമയം താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ നിന്നാണ് ഉദയനിധിയെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാനില്‍ കയറ്റി തഞ്ചാവൂരിലേക്ക് കൊണ്ട് പോവുകയാണ് ചെയ്തത്. വാനില്‍ മുന്നില്‍ കിടന്ന ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചാണ് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12 മണി വരെ നടപടി പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം മറികടന്നാണ് തിടുക്കത്തില്‍ ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

നാളെ ബജറ്റ് സമ്മേളനം ചേരാന്‍ ഇരിക്കെ ഉദയനിധിയെ നിയമസഭയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചന ആണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ഉദയനിധിക്കെതിരെ ടിവികെ വനിത വിങ്ങും വിജയ് സര്‍ക്കാരിനെതിരെ ഡിഎംകെ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.

Scroll to Top