സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി
മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോഴിക്കോടും കണ്ണൂരും പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രവര്‍ത്തിക്കാം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കോ അഭിമുഖങ്ങള്‍ക്കോ മാറ്റമില്ല. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള സര്‍വകലാശാല പഠനവകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.




