മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്; തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തും, പുതിയ ഡാം വേണം നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകള്‍ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകള്‍ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് 142 അടി നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്നത് ഉള്‍പ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കും. അന്തര്‍സംസ്ഥാന നദീജല പങ്കുവെക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും. ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂര്‍ത്തീകരണം എന്നിവയ്ക്കായും സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll to Top