ശബരിമലയിലെ നെയ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും പ്രതികളാകും. ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും. മുന്‍ അംഗം അജികുമാറിനെയും പ്രതി ചേര്‍ക്കും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്‌ഐടി രൂപീകരിച്ചത്.
അന്വേഷണ സംഘത്തില്‍ വിജിലന്‍സിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍മാരാണ് ഉള്ളത്. മേല്‍നോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയത്. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നല്‍കിയത്.
ശബരിമലയിലെ മെയിന്‍ സ്റ്റോറിലേക്ക് സാധന സാമഗ്രികള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. 2017 മുതല്‍ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. മെയിന്‍ സ്റ്റോര്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെയ് ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിന്റെ മറ്റ് വിവരങ്ങള്‍ കൂടി പുറത്തുവന്നത്. മെയിന്‍ സ്റ്റോറിലേക്ക് ആവശ്യമായതിന്റെ അഞ്ചിരട്ടിയിലേറെ സാധനങ്ങള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. അഭിഷേകത്തിന്റെ മറവിലായിരുന്നു വാങ്ങിക്കൂട്ടല്‍.




