മണ്ഡല പുനര്‍നിര്‍ണയം: ഡിഎംകെക്ക് മനംമാറ്റം? രാഹുലിനെ തള്ളി, തമിഴ്‌നാടിന് ദോഷമാകില്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കേണ്ടതില്ല

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. തമിഴ്‌നാടിന് ദോഷകരമല്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കേണ്ടതില്ലെന്നും, നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
ദില്ലി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. മണ്ഡലപുനര്‍നിര്‍ണയത്തോട് എതിര്‍പ്പില്ലെന്ന് ഡിഎംകെ നേതാവ് ആര്‍.എസ്.ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎംകെയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്നും സര്‍ക്കാര്‍ ഭേദഗതികള്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് ദോഷമാകില്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കേണ്ടതില്ല. എംപിമാരുമായി ആലോചിച്ച് തീരുമാനിക്കും. എല്ലാ തമിഴരും ബില്ലിനെ എതിര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെയും അദ്ദേഹം തള്ളി. അന്ധമായി ഒന്നിനെയും എതിര്‍ക്കേണ്ടതില്ലെന്നും ഭാരതി പറഞ്ഞു.

വനിത സംവരണം, മണ്ഡല പുനര്‍ നിര്‍ണയം എന്നിവയില്‍ സമവായം ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷം സഹകരിച്ചാലേ പ്രത്യേക സിറ്റിംഗ് ഉണ്ടാകൂവെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഡിഎംകെയുമായുള്ള ചര്‍ച്ചകളിലും അന്തിമ ധാരണയില്ല. എഫ്‌സിആര്‍എ ബില്ലില്‍ ചില മാറ്റങ്ങള്‍ക്ക് തയ്യാറെന്നും കേന്ദ്രം പറഞ്ഞു. വിദേശ ഫണ്ട് ഉപയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന വ്യവസ്ഥയില്‍ ഇളവുകളാകാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ദില്ലി പ്രതിഷേധത്തില്‍ അമിത് ഷാ മാപ്പു പറയും വരെ ബില്ല് അവതരണം ചെറുക്കുമെന്ന് ഇന്ത്യ സഖ്യം മുന്നറിയിപ്പ് നല്‍കി.

Scroll to Top