മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്‍ത്തു മെന്ന തമിഴ്നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാം സേഫ്റ്റി ആ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് ഡിസംബര്‍ മുപ്പത്തി ഒന്നിന് മുമ്പ് നടക്കേണ്ട കാര്യമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഇതുവരെ ആ സുരക്ഷാ പരിശോധന പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സുപ്രീംകോടതി പറഞ്ഞത് പോലും നടക്കാത്ത ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പ്രഖ്യാപനം തമിഴ്നാട് നടത്തിയത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ് – മന്ത്രി വ്യക്തമാക്കി.




