പയ്യന്നൂരില്‍ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ഷെഡ് മാത്രമല്ല അതിനടിയില്‍ ഉള്ളതും മാന്തിയെടുക്കാന്‍ പാര്‍ട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു.
കണ്ണൂര്‍: പയ്യന്നൂരില്‍ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ഷെഡ് മാത്രമല്ല അതിനടിയില്‍ ഉള്ളതും മാന്തിയെടുക്കാന്‍ പാര്‍ട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ചെമ്മീന്‍ ഷെഡ് കത്തിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമര്‍ശം. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങള്‍ ശരിയാണെന്ന് വ്യാഖ്യാനിക്കാതെ ഇരിക്കാനാണെന്നും രാഗേഷ് വെളിപ്പെടുത്തി. അതേസമയം, പയ്യന്നൂരില്‍ സിപിഎം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.
22 കേസുകള്‍ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതില്‍ 21 കേസുകള്‍ തനിക്കെതിരെയുള്ള അക്രമമാണെന്നും വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഒരു കേസ് മാത്രമാണ് സിപിഎമ്മിനെതിരെയുള്ളതെന്നും പരോക്ഷമായി പ്രതിളെ സംരക്ഷിക്കുകയാണ് സിപിഎം പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളുരിലെ വീട്ടില്‍ പൂചട്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതി പിടിക്കപ്പെട്ടിരുന്നു. കള്ളന്‍ കപ്പലിലാണെങ്കില്‍ കള്ളനെ പിടിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അക്രമ സംഭവങ്ങള്‍ പയ്യന്നൂരില്‍ ഉണ്ടായി. അക്രമത്തിന് കോപ്പ് കൂട്ടുകയാണ് സിപിഎം ചെയ്യുന്നതെന്നും അതിനുള്ള ശ്രമമാണ് സിപിഎം ജില്ല സെക്രട്ടറി നടത്തുന്നതെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. പയ്യന്നൂരില്‍ സമാധാനം നിലനിര്‍ത്താനുള്ള പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം താന്‍ യുഡിഎഫ് അല്ല, സ്വതന്ത്രനാണെന്നും ആവര്‍ത്തിച്ചു.




