ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ജനുവരി മുതല്‍ സ്ലീപ്പര്‍ കോച്ചുകളില്‍ 50 രൂപയുണ്ടെങ്കില്‍ ബാഗ് തലയണയാക്കേണ്ട, കേരളത്തിലെ 3 ട്രെയിനുകളില്‍ സൗകര്യം

കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ഇനി തലയിണയും ബെഡ്ഷീറ്റും സ്വന്തമായി കൊണ്ടുപോകേണ്ട ആവശ്യം വരില്ല. യാത്രക്കാര്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാര്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. പദ്ധതി ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരമനുസരിച്ച് ഈ ട്രെയിനുകള്‍: 22651/22652 ചെന്നൈ-പാലക്കാട് എക്സ്പ്രസ്, 12695/12696 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ്, 22639/22640 ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്

പുതിയ പദ്ധതിയും നിരക്കും
‘ന്യൂ ഇന്നൊവേറ്റീവ് നോണ്‍-ഫെയര്‍ റെവന്യൂ ഐഡിയാസ് സ്‌കീമിന്റെ’ ഭാഗമായി 2023-24 കാലയളവില്‍ ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ചെന്നൈ ഡിവിഷന്‍ ഈ സൗകര്യം നടപ്പിലാക്കിയിരുന്നു. യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ സേവനം ഒരു സ്ഥിരം നോണ്‍-ഫെയര്‍ റവന്യൂ സംരംഭമായി അവതരിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഈ പദ്ധതി പ്രകാരം, ഒരു ബെഡ്ഷീറ്റ്, തലയിണ, തലയിണ കവര്‍ എന്നിവ 50 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും. തലയിണയും തലയിണ കവര്‍ മാത്രമായി ആവശ്യമുള്ളവര്‍ക്ക് 30 രൂപ നല്‍കിയാല്‍ മതിയാകും. ഒറ്റ ബെഡ്ഷീറ്റ് മാത്രം ആവശ്യമുള്ളവര്‍ക്ക് 20 രൂപയ്ക്ക് ലഭിക്കും.

യാത്രാ സൗകര്യത്തിന് കയ്യടിച്ച് യാത്രക്കാര്‍
ഈ നീക്കത്തെ യാത്രക്കാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. ചെന്നൈയിലേക്കോ മംഗളൂരുവിലേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും. ‘ചെന്നൈ മെയിലിലും മറ്റ് ട്രെയിനുകളിലും യാത്ര ചെയ്യുന്ന മിക്കവാറും പേര്‍ തങ്ങളുടെ ബാഗുകള്‍ തലയിണയാക്കിയാണ് ഒഴിഞ്ഞ ബര്‍ത്തുകളില്‍ കിടന്നുറങ്ങിയിരുന്നത്. ഇനി അതിന്റെ ആവശ്യം വരില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. എ.സി. കോച്ചുകളിലെ പോലെ ബെഡ്ഷീറ്റ്, തലയിണ, പുതപ്പ് എന്നിവയുടെ ഫീസ് യാത്രാക്കൂലിയുടെ കൂടെ നിര്‍ബന്ധിതമായി ഈടാക്കുന്നില്ല എന്നതും ഈ പുതിയ പദ്ധതിയുടെ പ്രധാന ഗുണമാണെന്നും യാത്രക്കാര്‍ പറയുന്നു.

Scroll to Top