ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍; പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പില്‍ മുന്‍കരുതലെടുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ രംഗത്തെത്തി.

ആലപ്പുഴ ജില്ലയില്‍ ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് ശമനമില്ല. എ. സി റോഡില്‍ ചങ്ങനാശ്ശേരി മുതല്‍ മങ്കൊമ്പ് വരെയും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനായില്ല. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വെള്ളം ഇറങ്ങി തുടങ്ങിയതോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. 117 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. വെള്ളം ഇറങ്ങിയ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ രംഗത്തെത്തി.

ആലപ്പുഴ ചമ്പക്കുളത്ത് മന്ത്രിമാരാരുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധമുണ്ടായി . മന്ത്രിമാരായ ടി സിദ്ദിഖ് എം ലിജു കെസി വേണുഗോപാല്‍ എംപി എന്നിവരുടെ സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതിഷേധം. കണ്ണൂര്‍ മട്ടന്നൂരില്‍ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. കാര ഭാഗത്ത് ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് വീടുകളില്‍ വെള്ളം കയറി. അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പത്തനംതിട്ട തിരുവല്ലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.

Scroll to Top