ബെദിര സ്‌കൂള്‍ ഹൈസ്‌കൂളാക്കണം; ഇര്‍ഷാദ് ഹുദവി ബെദിര പൊതു വിദ്യാഭ്യാസ മന്ത്രിക്ക് മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് SKSSF ബെദിര ശാഖയുടെയും മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖയുടെയും നിവേദനം SKSSF കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് ശാഖ ജനറല്‍ സെക്രട്ടറിയുമായ ഇര്‍ഷാദ് ഹുദവി ബെദിര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. എന്‍. ഷംസുദ്ധീനെ നേരില്‍ കണ്ട് കൈമാറി.
1976-ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിലവില്‍ 1600-ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. യു.പി. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട സാഹചര്യവും ബെദിരയില്‍ നിന്ന് നഗരത്തിലേക്കുള്ള മതിയായ പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
1600-ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാകുമെന്നും പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ഇത് സഹായകരമാകുമെന്നും നിവേദനത്തില്‍ വ്യക്തമാക്കി.
സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനുള്ള ആവശ്യം അടിയന്തരമായി പരിഗണിച്ച് ആവശ്യമായ വകുപ്പുതല പരിശോധനകളും തുടര്‍നടപടികളും സ്വീകരിക്കണമെന്നും അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും ഇര്‍ഷാദ് ഹുദവി മന്ത്രിയോട് ആവശ്യപ്പെട്ടു.

Scroll to Top