മെസ്സിയെ കേരളത്തില്‍ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി അബ്ദുറഹിമാന്‍ നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. അബ്ദുറഹിമാന്റെ ഇ മെയില്‍ സന്ദേശങ്ങളില്‍ കായിക സെക്രട്ടറിയോ ഡയറക്ടറോ ഇല്ല.
തിരുവനന്തപുരം: തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതല്‍ രേഖകള്‍ പുറത്ത്. സ്‌പോണ്‍സര്‍ക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാന്റെ ഇ മെയില്‍ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബര്‍ 18ന് എഎഫ്എയ്ക്ക് അയച്ച മെയില്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാര്‍ റദ്ദാക്കിയ എഎഫ്എയ്‌ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്.
AFA -RBC വെറും വാണിജ്യ കരാര്‍ അല്ല. സര്‍ക്കാര്‍ മുന്‍കൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകള്‍ കേരള സര്‍ക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസവും കരാറില്‍ ഉണ്ടെന്നും മെയിലില്‍ പറയുന്നു. കേരളത്തിന്റെ ഉറപ്പുകള്‍ അവഗണിച്ചതില്‍ പ്രതിഷേധം എന്നും മന്ത്രി മെയിലില്‍ പറയുന്നുണ്ട്. അതേസമയം, മെസ്സിയുടെ പേരിലെ കള്ളക്കളിയില്‍ ഉന്നതതല അന്വേഷണം വരും. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടേത് വിചിത്ര ഘടന ആണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഉത്തരവുകള്‍ ഇല്ല. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്ന് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.




