കേന്ദ്രത്തിന്റെ ഖനന നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പ്പറത്തുന്നത്; പിണറായി വിജയന്‍

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്‍, 2026 ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും (സംസ്ഥാന ലിസ്റ്റിലെ ഇനം 18) സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ്. ഇതില്‍ കേന്ദ്ര നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്.

ഭേദഗതി വ്യവസ്ഥകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ് ചോദ്യം.
രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂര്‍ണ്ണമായും സ്വകാര്യ കുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അപൂര്‍വ്വ ധാതുക്കളുടെ ഖനനം ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ വ്യക്തമായ ഉദ്ദേശം. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനുമുള്ളത്. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കി അവതരിപ്പിച്ച ബജറ്റിലും കരിമണല്‍ ഖനനം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എന്നതു മറന്നുകൂടാ. ‘റെയര്‍ എര്‍ത്ത് ഇടനാഴി’ എന്ന പേരില്‍ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെയും ശ്രമം.

ഇത്തരം സ്വകാര്യവല്‍ക്കരണ അജണ്ടകളുടെ ഭാഗമായി വേണം കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളെയും കാണാന്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചവറയിലെ പൊതുമേഖലയിലുള്ള കരിമണല്‍ ഖനനം നിര്‍ത്തിവെപ്പിച്ച് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. സ്വന്തമായി ഖനനം ചെയ്ത് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനത്തെ വരിഞ്ഞുമുറുക്കി, സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ. കമ്പനിക്ക് പ്രതിമാസം ആവശ്യമായതിന്റെ ഇരട്ടിയിലധികം അസംസ്‌കൃത വസ്തുക്കള്‍ സ്വകാര്യ കമ്പനികളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത് ദുരൂഹമാണ്. ?നമ്മുടെ നാടിന്റെ സമ്പത്തായ കെഎംഎംഎല്ലിനെ ക്രമേണ പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ഈ ആസൂത്രിത നീക്കവും ചെറുക്കപ്പെടേണ്ടതുണ്ട് പിണറായി വിജയന്‍ വ്യക്തമാക്കി.

Scroll to Top