സ്‌കൂളിനകത്ത് യൂണിഫോമില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികള്‍, വീഡിയോ വൈറലായതോടെ പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കന്യാകുമാരി കളക്ടര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നത് വീഡിയോയില്‍ കാണാം. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ, സ്‌കൂളിലെ പ്രിന്‍സിപ്പലായ പ്രമീള ഇവാഞ്ചലിനെ നാഗര്‍കോവിലിലെ വടശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റി. വീഡിയോ ചിത്രീകരിച്ച തീയതി, അതിലുള്ളവര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Scroll to Top