സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയതിന് എതിരായ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീംകോടതി നടപടിയില്‍ നിയമപോരാട്ടം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ക്യൂറേറ്റിവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ നീക്കം. നിയമോപദേശം ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍. അധ്യാപകരുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനം.
നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .
ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധനഹര്‍ജികള്‍ സൂപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുകൊണ്ട്, ഇന്‍-സര്‍വീസ് അധ്യാപകര്‍ക്ക് ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായി കോടതി ഇളവ് ചെയ്തു. പുതിയ ഉത്തരവ് പ്രകാരം, മുന്‍പ് നിശ്ചയിച്ചിരുന്ന 2027 ഓഗസ്റ്റ് 31-ന് പകരം 2028 ഓഗസ്റ്റ് 31 വരെ അധ്യാപകര്‍ക്ക് കെ-ടെറ്റ് പാസാകാന്‍ സമയം അനുവദിച്ചു.
കേരള സര്‍ക്കാരും വിവിധ സംഘടനകളും ഉള്‍പ്പടെ 45ഓളം പുനഃപരിശോധന ഹര്‍ജികള്‍ ആണ് ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. നിലവില്‍ ഉള്ള അധ്യാപകര്‍ക്ക് അവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഉള്ള നിയമത്തിന്റെയും, ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി അടക്കം ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും.




