തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. അരി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തിന് കുട്ടികള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ചെത്താന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറികളിലെ ജീവനക്കാര്‍ക്കുമുള്ള 2026 വര്‍ഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാന്‍സായി നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചത്.
നിശ്ചയിച്ച ബോണസ് തുകയില്‍നിന്ന് അഡ്വാന്‍സ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2026 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ അഡ്വാന്‍സ് തുക കൂടുതലാണെങ്കില്‍ അധിക തുക ഓണം ഇന്‍സെന്റീവായി കണക്കാക്കും. ബോണസ് അഡ്വാന്‍സ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താല്‍ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 11,500 രൂപയുടെ ബോണസ് അഡ്വാന്‍സിന് പൂര്‍ണമായി അര്‍ഹതയില്ലെങ്കില്‍ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.
ബോണസ് അഡ്വാന്‍സ് ഓഗസ്റ്റ് 23നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാന്‍സിനോടൊപ്പം നല്‍കും.കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാന്‍സ് ബോണസായി നല്‍കും. 2026 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് കണക്കാക്കുക. 2026 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജരുള്ള തൊഴിലാളികള്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സും അതില്‍ കുറവ് ഹാജരുള്ളവര്‍ക്ക് ആനുപാതികമായ തുകയും നല്‍കും. വ്യവസ്ഥകള്‍ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ അംഗീകരിച്ച് ഒപ്പുവച്ചു.




