മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് ഒഴിവാക്കി റെയില്‍വെയുടെ കടുംവെട്ട്; ഇനി മൈസൂരുവിന് കീഴില്‍

പാലക്കാട്: മംഗലാപുരം മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് ഒഴിവാക്കി മൈസൂരു ഡിവിഷന് കൈമാറാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ആശങ്ക. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലും തിരിച്ചടി നേരിടുമെന്നും വിലയിരുത്തല്‍.

നിലവില്‍ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള മംഗലാപുരം മേഖല, ഇനി ദക്ഷിണ പശ്ചിമ റെയില്‍വേയായ മൈസൂരു ഡിവിഷന്റെ ഭാഗമാകും. മംഗലാപുരം മേഖലയില്‍ ഉള്ളാള്‍ വരെ വരുന്ന പ്രദേശമാണ് പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുന്നത്. നിലവില്‍ ദക്ഷിണ റെയില്‍വേയും ദക്ഷിണ പശ്ചിമ റെയില്‍വേയും തമ്മിലുള്ള കൈമാറ്റ അതിര്‍ത്തിയായ പടീലിന് പകരം ഉള്ളാള്‍ പുതിയ അതിര്‍ത്തിയാകും. തോക്കൂര്‍ റെയില്‍വേ സ്റ്റേഷന്‍ നിലവിലുള്ളതുപോലെ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ കീഴില്‍ തന്നെ തുടരും. ദക്ഷിണ റെയില്‍വേയും ദക്ഷിണ പശ്ചിമ റെയില്‍വേയും തമ്മിലുള്ള കൃത്യമായ പുതിയ അതിര്‍ത്തി ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കും.

മംഗലാപുരം മേഖല കൈവിടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ആശങ്ക. വരുമാനശേഷി കുറയുന്നതോടെ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലും വികസന പദ്ധതികളിലും പാലക്കാട് ഡിവിഷന് തിരിച്ചടി നേരിടുമെന്ന ആശങ്കയും ശക്തമാണ്.

ജീവനക്കാരുടെ കാര്യത്തിലും മാറ്റമുണ്ടാകും. ഗസറ്റഡ് ജീവനക്കാരുടെ തസ്തികകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. നോണ്‍-ഗസറ്റഡ് ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ തുടരാനോ ദക്ഷിണ പശ്ചിമ റെയില്‍വേയിലേക്ക് മാറാനോ അവസരം നല്‍കും. റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

തീരുമാനത്തിനെതിരെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതിഷേധവുമായി എംപിമാരായ എം.കെ. രാഘവനും രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി.
പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും, റെയില്‍വേ മലയാളികളെ വെല്ലുവിളിക്കുകയാണെന്നും എംപിമാര്‍ വിമര്‍ശിച്ചു.
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. പാലക്കാട് ഡിവിഷനെ തകര്‍ക്കാനുള്ള നീക്കത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നാണ് എംപിമാരുടെ ആവശ്യം

Scroll to Top