‘അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയമായി; ഞങ്ങളുടെ വിജയം ലോകം അംഗീകരിച്ചു’; മസൂദ് പെസഷ്‌കിയന്‍

ടെഹ്റാന്‍: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. യുഎസിനേക്കാള്‍ ശക്തിയും അന്തസുമുള്ള നിലപാടാണ് ഇറാനുള്ളതെന്നും യുദ്ധത്തില്‍ തങ്ങള്‍ക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അമേരിക്ക നമ്മുടെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി. ഇത് ലോകമെമ്പാടും അവരെ വെറുക്കപ്പെട്ടവരാക്കി – അദ്ദേഹം പറഞ്ഞു. ടെഹ്‌റാനുമേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനായി ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധം അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഇന്ന് പ്രതികരിച്ചിരുന്നു. പുതിയ നീക്കം അമേരിക്കയെ വീണ്ടും തോല്‍വിയിലേക്ക് നയിക്കുമെന്നും അരഗ്ചി മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ വമ്പന്‍ കടബാധ്യതയും കുതിച്ചുയരുന്ന പലിശ നിരക്കുകളും മറയ്ക്കാനാണ് ഇറാനെതിരായ സാമ്പത്തിക നീക്കങ്ങളെന്ന് അരഗ്ചി ആരോപിച്ചു. അമേരിക്കയാണ് വലിയ പ്രതിസന്ധിയുടെ മുനമ്പിലുള്ളത്. പരാജയപ്പെട്ട നയങ്ങള്‍ തന്നെ വീണ്ടും ഇരട്ടിയാക്കി നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ പരാജയത്തിലേക്കാകും തള്ളിവിടുക. യുഎസ് സാമ്പത്തിക ഭീകരത ലോകമെമ്പാടുമുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll to Top