Advertisement

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ആക്രമണം; കിഴക്കന്‍ മേഖലയില്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖലയില്‍ നാല് ഡ്രോണുകളും തകര്‍ത്തു

By kcnchannel / October 27, 2026

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ആക്രമണം. കിഴക്കന്‍ മേഖലയില്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖലയില്‍ നാല് ഡ്രോണുകളും തകര്‍ത്തു. സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണ ശ്രമങ്ങള്‍ അറബ് സഖ്യസേന വിജയകരമായി പരാജയപ്പെടുത്തി. രാജ്യത്തിന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകര്‍ത്തതായി സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനും, പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി സഖ്യസേനയുടെ സംയുക്ത കമാന്‍ഡ് പ്രത്യേക സൈനിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ ആത്മരക്ഷാ അവകാശം വിനിയോഗിച്ചുകൊണ്ട്, ഹൂതികളുടെ ഭീഷണി ഉറവിടങ്ങള്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും ഔദ്യോഗിക വക്താവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തെക്കന്‍ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അല്‍ റുഫൈദ എന്നീ പ്രദേശങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹൂതി വിമതര്‍ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞുനശിപ്പിച്ചതിനെത്തുടര്‍ന്നാണ് അവയുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ചത്. സംഭവത്തില്‍ പ്രദേശത്തെ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ഒരു സൗദി പൗരനും ഏഷ്യന്‍ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.