Advertisement

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണം;ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

By kcnchannel / October 27, 2026

തിരുവന്തപുരം; കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി മൂലം തകര്‍ന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടക്കമായി. ഫെഡറേഷന്‍ പ്രസിഡന്റ് കെ കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവര്‍ ആണ് നിരാഹാരമനുഷ്ഠിക്കുന്നത്. കാസര്‍കോട മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കുന്നു..പ്രിയദര്‍ശിനി പദ്ധതി കാരണം തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക എന്ന ആവശ്യത്തോടൊപ്പം വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുക, ആര്‍ ടി ഓഫീസില്‍ നിന്നും നിയമപരമായി ലഭിക്കേണ്ട സേവനങ്ങള്‍ തടസ്സവാദങ്ങള്‍ ഇല്ലാതെ സുഗമമാക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു.ഓട്ടം നിര്‍ത്തിയുള്ള സമരത്തിലേക്ക് കടക്കാന്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും,സാധാരണക്കാരെ ബാധിക്കുമെന്നതിനാലാണ് ഇതെന്നും സംഘടന വ്യക്തമാക്കി.ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരും.സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പിന് അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ബസുടമകള്‍ പറയുന്നു.