ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, 3 മാറ്റങ്ങളോടെ കിവീസ്; മാറ്റമില്ലാതെ ടീം ഇന്ത്യ
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം.
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ന്യൂസിലന്‍ഡ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്റിയും നഥാന്‍ സ്മിത്തും ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരം മാത്യു ഫിഷര്‍, കെയ്ല്‍ ജൈമിസണ്‍, ആദം മില്‍നെ എന്നിവര്‍ കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം.ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 226, 181 എന്നീ വന്‍ ലക്ഷ്യങ്ങള്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി എട്ട് ഓവറില്‍ 99 റണ്‍സ് വഴങ്ങിയ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഈ മത്സരം നിര്‍ണായകമാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വറിന് താളം കണ്ടെത്തേണ്ടതുണ്ട്.പരിക്കേറ്റ ഇഷാന്‍ കിഷന് പകരക്കാരനായി ടീമിലെത്തിയ 15-കാരന്‍ വൈഭവ് സൂര്യവംശിക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. രണ്ടാം ടി20യില്‍ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രം നേടി വൈഭവ് പുറത്തായിരുന്നു.
ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ടൈം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബീവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ജേക്കബ് ഡഫി, മാത്യു ഫിഷര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ദിര്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
