Advertisement

പൂജാരയുടെ ലോക ഏകദിന ഇലവനെ രോഹിത് നയിക്കും, ഗില്‍ ഓപ്പണര്‍; ന്യൂസിലന്‍ഡ് ടെസ്റ്റിനുള്ള ടീമിലും സര്‍പ്രൈസുകള്‍

By kcnchannel / October 26, 2026

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി തന്റെ നിലവിലെ ലോക ഏകദിന ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഏകദിന ചരിത്രത്തിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ഒഴിവാക്കിയാണ് പൂജാര ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്‍ താരങ്ങളാരും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ശുഭ്മന്‍ ഗില്ലിനെയുമാണ് ഓപ്പണര്‍മാരായി പൂജാര തിരഞ്ഞെടുത്തത്. വിരാട് കോലി മൂന്നാമതായും ഇംഗ്ലണ്ട് താരം ജോ റൂട്ട് നാലാമതായും എത്തും. കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് മധ്യനിരയില്‍. ബൗളിംഗ് വിഭാഗത്തില്‍ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസിന്റെ ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ ഇടംനേടി. രോഹിത് ശര്‍മ തന്നെയാണ് പൂജാരയുടെ ലോക ഇലവന്റെയും നായകന്‍.

പൂജാരയുടെ ലോക ഏകദിന ഇലവന്‍: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ജോ റൂട്ട്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷായ് ഹോപ്പ്, മാര്‍ക്കോ യാന്‍സന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മാറ്റ് ഹെന്റി, ജെയ്ഡന്‍ സീല്‍സ്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍

ഏകദിന ഇലവന് പുറമെ, നവംബര്‍ 19-ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള തന്റെ സാധ്യതാ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെയും പൂജാര തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിലേക്ക് നിര്‍ദ്ദേശിച്ച പൂജാര, കെ എല്‍ രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയുമാണ് ഓപ്പണര്‍മാരായി നിലനിര്‍ത്തിയത്. ശുഭ്മന്‍ ഗില്‍ നാലാമനായി എത്തുമ്പോള്‍, ഋഷഭ് പന്തും ധ്രുവ് ജുറെലും അഞ്ചും ആറും സ്ഥാനങ്ങളില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരായി കളത്തിലിറങ്ങും.

രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്‍ ഓള്‍റൗണ്ടര്‍. നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍റൗണ്ടറായി എട്ടാം നമ്പറില്‍ കളിക്കും. ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്നതാണ് പേസ് നിര.