ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഐആറിലെ ഫോം സിക്സ് ഭേദഗതി ചെയ്തിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ പൂര്‍ണമായും ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
എല്ലാ എസ്ഐആര്‍ ഉത്തരവുകളും ഏകകണ്ഠമായ തീരുമാനങ്ങളെന്ന് കമ്മീഷന്‍ അറിയിച്ചു. ഫയലുകളില്‍ കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തുന്ന കുറിപ്പുകളോ നിര്‍ദേശങ്ങളോ കമ്മീഷന്റെ ഔദ്യോഗിക തീരുമാനങ്ങളല്ല. അധികാരപരിധി മറികടന്ന് ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.
ഫോം 6 ഭേദഗതി ചെയ്തിട്ടില്ലെന്നാണ് കമ്മീഷന്‍ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്. ഭേദഗതി വരുത്താന്‍ അധികാരമുള്ളത് കേന്ദ്ര സര്‍ക്കാരിനാണ്. ജൂലൈ 28ലെ ഉത്തരവ് ഡെപ്യൂട്ടേഷനിലുള്ള അഡീഷണല്‍ സെക്രട്ടറി പുറപ്പെടുവിച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും അടുത്ത ദിവസം കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചു. ജൂലൈ 28ലെ ഉത്തരവ് നടപ്പാക്കിയില്ലെന്നും വിശദീകരണമുണ്ട്. ECINetല്‍ ഇആര്‍ഒയുടെ ഉത്തരവില്ലാതെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യില്ല.
ഗോവയില്‍ പട്ടികയില്‍നിന്ന് പുറത്തായവരില്‍ 88 പേര്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടവരെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സിഇസിയ്ക്ക് എതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന നടപടിക്രമത്തിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനാകൂവെന്നാണ് വാദം. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
