‘സഹകരണ ബാങ്ക് രേഖകള്‍ മറച്ചുവെക്കാനാകില്ല, അംഗത്തിന് വിവരാവകാശം വഴി രേഖകള്‍ നല്‍കണം’; മുപ്പത്തടം ബാങ്ക് കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി
ദില്ലി: സഹകരണ ബാങ്കിലെ അംഗത്തിന് ആവശ്യപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മുപ്പത്തടം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആര്. രാമചന്ദ്രന് നല്കിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബാങ്കും ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിര്‍മാണ കരാറിന്റെ പകര്‍പ്പും ബാങ്കിന്റെ അവസാന ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്സും ആയിരുന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടത്. ബാങ്ക് വിവരാവകാശ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെന്ന വാദം ഉയര്‍ത്തി രേഖകള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.
എന്നാല്‍, കേരള സഹകരണ സംഘ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ രേഖകള്‍ പരിശോധിക്കാനും ആവശ്യപ്പെടാനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു സ്ഥാപനം ആര്‍ടിഐ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെങ്കിലും നിയമപ്രകാരം ഒരു പൊതു അതോറിറ്റിക്ക് ലഭ്യമാക്കാന്‍ കഴിയുന്ന രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി നിരീക്ഷിച്ചു. രേഖകള്‍ ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കണമെന്ന ബാങ്കിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
അന്വേഷണം ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് തന്നെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട രേഖകള്‍ വാണിജ്യ രഹസ്യങ്ങളോ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ബാങ്കിന്റെ നിര്‍മാണ കരാറും ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്സും ആവശ്യപ്പെട്ടത് ബാങ്കിലെ അംഗമാണ്. അതിനാല്‍, രേഖകള്‍ ബാങ്കിന്റെ സ്വകാര്യ വിവരങ്ങളാണെന്നോ പൊതുതാല്പര്യവുമായി ബന്ധപ്പെട്ടതല്ലെന്നോ പറഞ്ഞ് അംഗത്തിന് നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ബാങ്കുമായി ബന്ധമില്ലാത്ത ഒരാള്‍ സമാനമായ രേഖകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും വിധിയില്‍ പരാമര്‍ശിക്കുന്നു.
കേരള സഹകരണ സംഘ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രാര്‍ക്ക് സഹകരണ സംഘങ്ങളുടെ രേഖകള്‍ പരിശോധിക്കാനും മേല്‍നോട്ടം വഹിക്കാനും അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍ രണ്ട് രേഖകളും ഉടന്‍ ആവശ്യപ്പെടണമെന്നും പരമാവധി രണ്ടാഴ്ചയ്ക്കകം ഹര്ജിക്കാരന് കൈമാറണമെന്നും നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മുപ്പത്തടം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നല്കിയ രണ്ട് അപ്പീലുകളും തള്ളി. കേസില്‍ മുപ്പത്തടം സഹകരണബാങ്കിനായി മുതിര്‍ന്ന അഭിഭാഷകന് എസ് പി ചാലി, അഭിഭാഷകന് പി എസ് സുധീര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന വിവരാവകാശ കമ്മീഷനായി അഭിഭാഷകന് എം.ആര്. അഭിലാഷും ഹാജരായി.
