സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങള്‍ ആക്രമിച്ചു, ജാഗ്രത നിര്‍ദേശം പുതുക്കി അമേരിക്ക
റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികള്‍. റിയാദ്, ദമാം, നജ്‌റാന്‍ വിമാനത്താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹൂതികളുടെ അവകാശവാദം. ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയില്‍ റിഫൈനറിയും യാമ്പുവില്‍ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികള്‍ പറയുന്നു. അതിനിടെ, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള ജാഗ്രത നിര്‍ദേശം അമേരിക്ക പുതുക്കി. സംഘര്‍ഷം വ്യാപിച്ചേക്കുമെന്നും മുന്‍കരുതല്‍ വേണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനായി പരേതന്റെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 21-നാണ് ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് ജീവന്‍ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പരിക്കേറ്റ മറ്റ് ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടു. പരിക്കേറ്റ രണ്ട് ഇന്ത്യക്കാരില്‍ ഒരാളെ ഒക്ടോബര്‍ 22-ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാമത്തെയാള്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലുണ്ടായ ഷെയ്ബ എണ്ണപ്പാടം ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യന്‍ പൗരന്‍ ഒക്ടോബര്‍ 22-ന് ഡിസ്ചാര്‍ജ് ആയി.
റിയാദ് വിമാനത്താവള ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേര്‍ ജനറല്‍ വാര്‍ഡിലും ചികിത്സയിലാണ്. ഏഴുപേര്‍ ഇതുവരെ ഡിസ്ചാര്‍ജ് ആയി. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ഇന്ത്യക്കാരന്റെ സംസ്‌കാരം ഒക്ടോബര്‍ 12-ന് റിയാദില്‍ നടന്നിരുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തരവും മികച്ചതുമായ വൈദ്യസഹായം ലഭ്യമാക്കിയ സൗദി ഭരണകൂടത്തോടും പ്രാദേശിക അധികൃതരോടും എംബസി നന്ദി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വീണ്ടും ഓര്‍മ്മിപ്പിച്ചു. വ്യോമാക്രമണ പ്രതിരോധങ്ങളുടെയോ, മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ അവിശിഷ്ടങ്ങള്‍ പതിച്ച സ്ഥലങ്ങളുടെയോ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പ്രാദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും മുഴുവന്‍ പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികള്‍ക്കായി മുഖ്യമന്ത്രി വിഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ 011-23747079, 9310443880( വാട്ട്‌സ് ആപ്പ്).
കേരള ഹൗസിലെ നോഡല്‍ ഓഫീസറായി നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ ചാര്‍ജ്ജുള്ള ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജയ്സ്വാറിനെയും റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ചുമതലപ്പെടുത്തി. കണ്‍ട്രോള്‍ റൂം 24 മണിക്കും പ്രവര്‍ത്തിക്കും. എംബസി ഓഫ് ഇന്ത്യ ഇന്‍ റിയാദ് , കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഇന്‍ ജിദ്ദ, മറ്റ് ഇന്ത്യന്‍ എംബസികളുടെയും ഏകോപനത്തോടെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നടത്തുക
