Advertisement

ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാന്‍ യുഎസ് നീക്കം; പദ്ധതിയിടുന്നത് ഇസ്രയേലുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തിന്

By kcnchannel / October 23, 2026

ഇറാനെതിരെ സംയുക്ത ആക്രമണം നടത്താന്‍ അമേരിക്കയും ഇസ്രയേലും പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ നവംബറിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമേ ഡോണള്‍ഡ് ട്രംപ് ഇതിന് അനുമതി നല്‍കാന്‍ സാധ്യതയുള്ളൂ. ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഷിങ്ടണ്‍: ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാന്‍ അമേരിക്കന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. സംയുക്ത ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയും യുഎസ് സൈന്യവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയാല്‍ ആക്രമണം പുനരാരംഭിക്കും. എന്നാല്‍ നവംബര്‍ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കി.എന്നാല്‍ ഇനി അക്രമണം ഉണ്ടായാല്‍ തിരിച്ചടിക്ക് പരിധിയുണ്ടാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ എണ്ണ വിപണികളില്‍ കൂടുതല്‍ അസ്ഥിരത ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് ട്രംപ് എന്നാണ് സൂചന. ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്ക ഒരിക്കലും ഇറാനെ ആക്രമിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും ഇറാനെ ലക്ഷ്യമിടും, അവര്‍ ഇനി അധികം കാത്തിരിക്കില്ലെന്ന കാര്യം വ്യക്തമാണെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ ട്രംപ് എല്ലാ വഴികളും നോക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പെന്റഗണ്‍ തയ്യാറായില്ല.

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സംയുക്ത ആക്രമണങ്ങള്‍ എന്ന് പുനരാരംഭിക്കണമെന്ന തീരുമാനം ട്രംപിന്റേതായിരിക്കും. ഇറാനുമായുള്ള ചര്‍ച്ചകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപ് വ്യക്തതയില്ലാത്ത പ്രതികരണമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ചര്‍ച്ചകള്‍ കുറച്ചൊക്കെ നടക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ അദ്ദേഹം, തൊട്ടുപിന്നാലെ ‘ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്’ എന്ന് തിരുത്തിപ്പറഞ്ഞു