ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു, പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല; പിണറായി വിജയന്‍

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം കാണിക്കുന്നുവെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവര്‍ണര്‍ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുമിത് ഉണ്ടായിട്ടുണ്ടെന്ന് ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അധികാരത്തില്‍ ഗവര്‍ണര്‍ കടന്നുകയറുന്ന നിലപാടിനെ അന്ന് ചേര്‍ത്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് നാടിന് അറിയാം. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നല്‍കും. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു.

കേരള വിസി ?ഡോ. മോഹന്‍ കുന്നുമ്മലിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ വിസിയെ പരസ്യമായി തള്ളിയെന്നും ഐഷി ഘോഷിനെ തടഞ്ഞ വിഷയത്തിലും സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നും പിണറായി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുമ്പില്‍ ലഭിക്കുമോ എന്നതിലും ഉറപ്പില്ല. 3 മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദം. മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞു. രണ്ടായിരത്തി 22 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമര്‍ശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേന്‍ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചതെന്നും പിണറായി പറഞ്ഞു.

Scroll to Top